സങ്കീർത്തനങ്ങൾ 107:33-43

സങ്കീർത്തനങ്ങൾ 107:33-43 MALOVBSI

നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി. അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി. വിശന്നവരെ അവൻ അവിടെ പാർപ്പിച്ചു; അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതയ്ക്കയും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു. അവൻ അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല. പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി. അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു. അവൻ ദരിദ്രനെ പീഡയിൽനിന്ന് ഉയർത്തി അവന്റെ കുലങ്ങളെ ആട്ടിൻകൂട്ടം പോലെ ആക്കി. നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവരൊക്കെയും വായ് പൊത്തും. ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെ ചിന്തിക്കും.