സദൃശവാക്യങ്ങൾ 31:21-31

സദൃശവാക്യങ്ങൾ 31:21-31 MALOVBSI

തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പുകമ്പിളി ഉണ്ടല്ലോ. അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്. ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവ് പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു. അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു. ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്ത് അവൾ പുഞ്ചിരിയിടുന്നു. അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്. വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്ന് അഹോവൃത്തി കഴിക്കുന്നില്ല. അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്: അനേകം തരുണികൾ സാമർഥ്യം കാണിച്ചിട്ടുണ്ട്; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു. ലാവണ്യം വ്യാജവും സൗന്ദര്യം വ്യർഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.