സദൃശവാക്യങ്ങൾ 28:1-14

സദൃശവാക്യങ്ങൾ 28:1-14 MALOVBSI

ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു. ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു. അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവിനെ വച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു. ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോട് എതിർക്കുന്നു. ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു. തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; അതിഭക്ഷകന്മാർക്ക് സഖിയായവനോ അപ്പനെ അപമാനിക്കുന്നു. പലിശയും ലാഭവും വാങ്ങി സമ്പത്തു വർധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവനുവേണ്ടി അതു ശേഖരിക്കുന്നു. ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർഥനതന്നെയും വെറുപ്പാകുന്നു. നേരുള്ളവരെ ദുർമാർഗത്തിലേക്കു തെറ്റിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽ തന്നെ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും. ധനവാൻ തനിക്കുതന്നെ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു. നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം; ദുഷ്ടന്മാർ ഉയർന്നുവരുമ്പോഴോ ആളുകൾ ഒളിച്ചുകൊള്ളുന്നു. തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും. എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനർഥത്തിൽ അകപ്പെടും.