സദൃശവാക്യങ്ങൾ 12:8-17

സദൃശവാക്യങ്ങൾ 12:8-17 MALOVBSI

മനുഷ്യൻ തന്റെ ബുദ്ധിക്ക് ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു. മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിനു മുട്ടുള്ളവനെക്കാൾ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു. നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രേ. നിലം കൃഷി ചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ. ദുഷ്ടൻ ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു. അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കെണിയുണ്ട്; നീതിമാനോ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോരും. തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവനു കിട്ടും. ഭോഷനു തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു. ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവയ്ക്കുന്നു. സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസ്സാക്ഷിയോ വഞ്ചന അറിയിക്കുന്നു.