സദൃശവാക്യങ്ങൾ 10:16-32

സദൃശവാക്യങ്ങൾ 10:16-32 MALOVBSI

നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നു നടക്കുന്നു. പക മറച്ചുവയ്ക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. നീതിമാന്റെ നാവ് മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. ദോഷം ചെയ്യുന്നതു ഭോഷനു കളിയാകുന്നു; ജ്ഞാനം വിവേകിക്ക് അങ്ങനെ തന്നെ. ദുഷ്ടൻ പേടിക്കുന്നതുതന്നെ അവനു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. ചൊറുക്ക പല്ലിനും പുക കണ്ണിനും ആകുന്നതുപോലെ മടിയൻ തന്നെ അയയ്ക്കുന്നവർക്ക് ആകുന്നു. യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും. നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്കോ ഭംഗം വരും. യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗം; ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം. നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്ത് വസിക്കയില്ല. നീതിമാന്റെ വായ് ജ്ഞാനം മുളപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും. നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.