സംഖ്യാപുസ്തകം 7:66-89

സംഖ്യാപുസ്തകം 7:66-89 MALOVBSI

പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാടു കഴിച്ചു. അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു- ധൂപവർഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം, ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്, പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാട്. പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ വഴിപാടു കഴിച്ചു. അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു- ധൂപവർഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്, പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാട്. പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാടു കഴിച്ചു. അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം -ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു- ധൂപവർഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്, പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ഏനാന്റെ മകൻ അഹീരയുടെ വഴിപാട്. യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേൽപ്രഭുക്കന്മാരുടെ പ്രതിഷ്ഠാവഴിപാട് ഇത് ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ട്, വെള്ളിക്കിണ്ണം പന്ത്രണ്ട്, പൊൻകലശം പന്ത്രണ്ട്, വെള്ളിത്തളിക ഒന്നിനു തൂക്കം നൂറ്റിമുപ്പതു ശേക്കെൽ; കിണ്ണം ഒന്നിന് എഴുപതു ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറു ശേക്കെൽ. ധൂപവർഗം നിറഞ്ഞ പൊൻകലശം പന്ത്രണ്ട്; ഓരോന്നും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെൽ വീതം കലശങ്ങളുടെ പൊന്ന് ആകെ നൂറ്റിരുപതു ശേക്കെൽ. ഹോമയാഗത്തിനുള്ള നാല്ക്കാലികൾ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റൻ പന്ത്രണ്ട്; സമാധാനയാഗത്തിനായി നാല്ക്കാലികൾ എല്ലാംകൂടി കാള ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാട് അറുപത്; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇതുതന്നെ. മോശെ തിരുമുമ്പിൽ സംസാരിപ്പാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ അവൻ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കൽനിന്നു രണ്ടു കെരൂബുകളുടെ നടുവിൽനിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവൻ അവനോടു സംസാരിച്ചു.