സംഖ്യാപുസ്തകം 15:30-36

സംഖ്യാപുസ്തകം 15:30-36 MALOVBSI

എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. അവൻ യഹോവയുടെ വചനം ധിക്കരിച്ച് അവന്റെ കല്പന ലംഘിച്ചു; അവനെ നിർമ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും. യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു. അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവസഭയുടെയും അടുക്കൽ കൊണ്ടുവന്നു. അവനോടു ചെയ്യേണ്ടത് ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ട് അവർ അവനെ തടവിൽ വച്ചു. പിന്നെ യഹോവ മോശെയോട്: ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവസഭയും പാളയത്തിനു പുറത്തുവച്ച് അവനെ കല്ലെറിയേണം എന്നു കല്പിച്ചു. യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ സർവസഭയും അവനെ പാളയത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.