നെഹെമ്യാവ് 8:4-8

നെഹെമ്യാവ് 8:4-8 MALOVBSI

ഈ ആവശ്യത്തിന് ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്ക്കീയാവ്, മയസേയാവ് എന്നിവരും ഇടത്തുഭാഗത്തു പെദായാവ്, മീശായേൽ, മല്ക്കീയാവ്, ഹാശൂം, ഹശ്ബദ്‍ദനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നു. എസ്രാ സകല ജനവും കാൺകെ പുസ്തകം വിടർത്തി; അവൻ സകല ജനത്തിനും മീതെ ആയിരുന്നു; അതു വിടർത്തിയപ്പോൾ ജനമെല്ലാം എഴുന്നേറ്റു നിന്നു. എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി: ആമേൻ, ആമേൻ, എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു. ജനം താന്താന്റെ നിലയിൽതന്നെ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവ്, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ്, എന്നിവരും ലേവ്യരും ജനത്തിനു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു. ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർഥം പറഞ്ഞുകൊടുക്കയും ചെയ്തു.