നെഹെമ്യാവ് 2:11-20

നെഹെമ്യാവ് 2:11-20 MALOVBSI

ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‍വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. ഞാൻ രാത്രിയിൽ താഴ്‌വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതിൽക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവച്ചു ചുട്ടിരിക്കുന്നതും കണ്ടു. പിന്നെ ഞാൻ ഉറവു വാതിൽക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിനു കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു. രാത്രിയിൽതന്നെ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതിൽ നോക്കികണ്ടു താഴ്‌വരവാതിലിൻ വഴിയായി മടങ്ങിപ്പോന്നു. ഞാൻ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല. അനന്തരം ഞാൻ അവരോട്: യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനർഥം നിങ്ങൾ കാണുന്നുവല്ലോ; വരുവിൻ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു. എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി. എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങൾ രാജാവിനോടു മത്സരിപ്പാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അതിനു ഞാൻ അവരോട്: സ്വർഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.