നെഹെമ്യാവ് 13:4-9

നെഹെമ്യാവ് 13:4-9 MALOVBSI

അതിനു മുമ്പേതന്നെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകൾക്കു മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന് ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു. മുമ്പേ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽക്കാവല്ക്കാർക്കുംവേണ്ടി നിയമിച്ച ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വച്ചിരുന്നു. ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല; ബാബേൽരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ടു ഞാൻ രാജാവിനോട് അനുവാദം വാങ്ങി യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന് ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്തദോഷം ഞാൻ അറിഞ്ഞു. അത് എനിക്ക് അത്യന്തം വ്യസനമായതുകൊണ്ടു ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്ത് എറിഞ്ഞുകളഞ്ഞു. പിന്നെ ഞാൻ കല്പിച്ചിട്ട് അവർ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാൻ വീണ്ടും അവിടെ വരുത്തി.