മർക്കൊസ് 9:17-25

മർക്കൊസ് 9:17-25 MALOVBSI

അതിനു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു. അത് അവനെ എവിടെവച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിനു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ട് അവർക്കു കഴിഞ്ഞില്ല എന്ന് ഉത്തരം പറഞ്ഞു. അവൻ അവരോട്: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്ന് ഉത്തരം പറഞ്ഞു. അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തു വീണു നുരച്ചുരുണ്ടു. ഇത് അവന് സംഭവിച്ചിട്ട് എത്ര കാലമായി എന്ന് അവന്റെ അപ്പനോടു ചോദിച്ചതിന് അവൻ: ചെറുപ്പംമുതൽ തന്നെ. അത് അവനെ നശിപ്പിക്കേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോട്: നിന്നാൽ കഴിയും എങ്കിൽ എന്നോ വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു. ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു. എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ട് അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.