മർക്കൊസ് 7:25-30

മർക്കൊസ് 7:25-30 MALOVBSI

അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്ന് അവന്റെ കാല്ക്കൽ വീണു. അവൾ സുറഫൊയീനിക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽനിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു. യേശു അവളോട്: മുമ്പേ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അവൾ അവനോട്: അതേ, കർത്താവേ, ചെറുനായ്ക്കളും മേശയ്ക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്ന് ഉത്തരം പറഞ്ഞു. അവൻ അവളോട്: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക; ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു എന്നു പറഞ്ഞു. അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.