മർക്കൊസ് 10:46-52

മർക്കൊസ് 10:46-52 MALOVBSI

അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവിൽനിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു. നസറായനായ യേശു എന്നു കേട്ടിട്ട് അവൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുതുടങ്ങി. മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്ന് അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു. അപ്പോൾ യേശു നിന്നു: അവനെ വിളിപ്പിൻ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്ക്ക, നിന്നെ വിളിക്കുന്നു എന്ന് അവർ പറഞ്ഞു കുരുടനെ വിളിച്ചു. അവൻ തന്റെ പുതപ്പ് ഇട്ടുംകളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കൽ വന്നു. യേശു അവനോട്: ഞാൻ നിനക്ക് എന്തു ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു. യേശു അവനോട്: പോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.