മർക്കൊസ് 1:9-20

മർക്കൊസ് 1:9-20 MALOVBSI

ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽനിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു. വെള്ളത്തിൽനിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ടു: നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി. അനന്തരം ആത്മാവ് അവനെ മരുഭൂമിയിലേക്കു പോകുവാൻ നിർബന്ധിച്ചു. അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചുപോന്നു. എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു: കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നതു കണ്ടു; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു. യേശു അവരോട്: എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു. ഉടനെ അവർ വല വിട്ട് അവനെ അനുഗമിച്ചു. അവിടെനിന്ന് അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു. ഉടനെ അവരെയും വിളിച്ചു; അവർ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ട് അവനെ അനുഗമിച്ചു.

മർക്കൊസ് 1:9-20 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും