മീഖാ 7:11-20

മീഖാ 7:11-20 MALOVBSI

നിന്റെ മതിലുകൾ പണിവാനുള്ള നാൾ വരുന്നു: അന്നാളിൽ നിന്റെ അതിർ അകന്നുപോകും. അന്നാളിൽ അശ്ശൂരിൽനിന്നും മിസ്രയീംപട്ടണങ്ങളിൽനിന്നും മിസ്രയീംമുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവതംമുതൽ പർവതംവരെയും അവർ നിന്റെ അടുക്കൽ വരും. എന്നാൽ ഭൂമി നിവാസികൾ നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായിത്തീരും. കർമ്മേലിന്റെ മധ്യേ കാട്ടിൽ തനിച്ചിരിക്കുന്നതും നിന്റെ അവകാശവുമായി നിന്റെ ജനമായ ആട്ടിൻകൂട്ടത്തെ നിന്റെ കോൽകൊണ്ടു മേയിക്കേണമേ; പുരാതനകാലത്ത് എന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ. നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാൻ അവനെ അദ്ഭുതങ്ങൾ കാണിക്കും. ജാതികൾ കണ്ടിട്ടു തങ്ങളുടെ സകല വീര്യത്തിലും ലജ്ജിക്കും; അവർ വായ്മേൽ കൈ വയ്ക്കയും ചെകിടരായിത്തീരുകയും ചെയ്യും. അവർ പാമ്പുപോലെ പൊടി നക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്നു വിറച്ചുംകൊണ്ടുവരും; അവർ പേടിച്ചുംകൊണ്ട് നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും നിന്നെ ഭയപ്പെടുകയും ചെയ്യും. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളൂ? അവൻ എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവനു പ്രസാദമുള്ളത്. അവൻ നമ്മോടു വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെയൊക്കെയും നീ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും. പുരാതനകാലംമുതൽ നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തിരിക്കുന്ന നിന്റെ വിശ്വസ്തത നീ യാക്കോബിനോടും നിന്റെ ദയ അബ്രാഹാമിനോടും കാണിക്കും.