മത്തായി 3:1-12

മത്തായി 3:1-12 MALOVBSI

ആ കാലത്ത് യോഹന്നാൻസ്നാപകൻ വന്ന്, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു: സ്വർഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു. “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിത്: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാപ്രവാചകൻ പറഞ്ഞവൻ ഇവൻതന്നെ. യോഹന്നാന് ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു. അന്ന് യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കെയും യോർദ്ദാന്റെ ഇരുകരയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ട് അവന്റെ അടുക്കൽ ചെന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു. തന്റെ സ്നാനത്തിനായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞത്: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നത് ആർ? മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ട് ഉണ്ട് എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുത്; ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളൂ; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. വീശുമുറം അവന്റെ കൈയിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവയ്ക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.