മത്തായി 28:11-20

മത്തായി 28:11-20 MALOVBSI

അവർ പോകുമ്പോൾ കാവല്ക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു. അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചന കഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു: അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ. വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു. അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു. എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലയ്ക്കു പോയി. അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. യേശു അടുത്തുചെന്നു: സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.