മത്തായി 26:47-56
മത്തായി 26:47-56 MALOVBSI
അവൻ സംസാരിക്കുമ്പോൾ തന്നെ പന്തിരുവരിൽ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻതന്നെ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്ന് അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു. യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വച്ച് അവനെ പിടിച്ചു. അപ്പോൾ യേശുവിനോടുകൂടെ ഉള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തു. യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരൊക്കെയും വാളാൽ നശിച്ചുപോകും. എന്റെ പിതാവിനോട് ഇപ്പോൾതന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി.

