മത്തായി 26:35-46

മത്തായി 26:35-46 MALOVBSI

നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു; അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു. അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോട്: ഞാൻ അവിടെ പോയി പ്രാർഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു, പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടുചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ച് എന്നോടുകൂടെ ഉണർന്നിരിപ്പിൻ എന്ന് അവരോടു പറഞ്ഞു. പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർഥിച്ചു. പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോട്: എന്നോടുകൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർഥിപ്പിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർഥിച്ചു. അനന്തരം അവൻ വന്ന്, അവർ കണ്ണിനു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു. അവരെ വിട്ടു മൂന്നാമതും പോയി ആ വചനംതന്നെ ചൊല്ലി പ്രാർഥിച്ചു. പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏല്പിക്കപ്പെടുന്നു; എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.

മത്തായി 26:35-46 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഉയിർത്തെഴുന്നേൽപ്പ് തിരുനാൾ കഥ: യേശുവിൻ്റെ മരണ പുനരുത്ഥാനത്തെക്കുറിച്ച് കാണുന്നു മത്തായി 26:35-46 സത്യവേദപുസ്തകം OV Bible (BSI)

ഉയിർത്തെഴുന്നേൽപ്പ് തിരുനാൾ കഥ: യേശുവിൻ്റെ മരണ പുനരുത്ഥാനത്തെക്കുറിച്ച് കാണുന്നു

16 ദിവസം

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തെയും, ഉയിർത്തെഴുനേൽപ്പിനെയും കുറിച് നാല് സുവിശേഷങ്ങളിലും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഈ ഈസ്റ്റെർ സമയം, ക്രിസ്തു തന്റെ ഉയിർത്തെഴുനേൽപ്പിലൂടെ ലോകത്തിന് മുഴുവനും നൽകിയ ആ വലിയ പ്രത്യയാശക്ക് മുമ്പ് എങ്ങനെയാണ് യേശു കുരിശിൽ തനിക്ക് എതിരിട്ട ചതിയെയും,പീഡനങ്ങളെയും, മാനഹാനിയെയും, കഷ്ടതകളെയും എല്ലാം തരണം ചെയ്ത് സഹിച്ചത് എന്നും വായിക്കുന്നതിനോടൊപ്പം അതുമായി ബന്ധപ്പെട്ട വീഡിയോ ഭാഗങ്ങൾ ദിനതോറും ഈ പദ്ധതിയിൽ ചിത്രീകരിച്ചു വ്യാഖ്യാനിക്കുന്നു.