മത്തായി 26:1-16

മത്തായി 26:1-16 MALOVBSI

ഈ വചനങ്ങളൊക്കെയും പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോട്: രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും എന്നു പറഞ്ഞു. അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നുകൂടി. യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു; എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുന്നാളിൽ അരുത് എന്നു പറഞ്ഞു. യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തുംകൊണ്ട് അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അത് അവന്റെ തലയിൽ ഒഴിച്ചു. ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവ് എന്തിന്? ഇതു വളരെ വിലയ്ക്കു വിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു. യേശു അത് അറിഞ്ഞ് അവരോട്: സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തത്. ദരിദ്രർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ട്; ഞാൻ നിങ്ങൾക്ക് എല്ലായ്പോഴും ഇല്ലതാനും. അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചത് എന്റെ ശവസംസ്കാരത്തിനായി ചെയ്തതാകുന്നു. ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു: നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവർ അവനു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു. അന്നുമുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.