മത്തായി 11:2-10

മത്തായി 11:2-10 MALOVBSI

യോഹന്നാൻ കാരാഗൃഹത്തിൽവച്ച്, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു: വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്ന് അവർ മുഖാന്തരം അവനോടു ചോദിച്ചു. യേശു അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നത് യോഹന്നാനെ ചെന്ന് അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു. അവർ പോയശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയത്: നിങ്ങൾ എന്തു കാൺമാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തു കാൺമാൻ പോയി? മാർദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാർദവവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ. അല്ല, എന്തിനു പോയി? ഒരു പ്രവാചകനെ കാൺമാനോ? അതേ, പ്രവാചകനിലും മികച്ചവനെത്തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു. “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്ന് എഴുതപ്പെട്ടിരിക്കുന്നവൻ അവൻതന്നെ.