മലാഖി 2:10-17

മലാഖി 2:10-17 MALOVBSI

നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവയ്ക്ക് ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്ന മനുഷ്യനു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നവനെയും യാക്കോബിന്റെ കൂടാരങ്ങളിൽനിന്നു ഛേദിച്ചുകളയും. രണ്ടാമത് നിങ്ങൾ ഇങ്ങനെ ചെയ്യുന്നു: യഹോവ ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കൈയിൽനിന്ന് പ്രസാദമുള്ളതു കൈക്കൊൾകയോ ചെയ്യാതവണ്ണം നിങ്ങൾ അവന്റെ യാഗപീഠത്തെ കണ്ണുനീർകൊണ്ടും കരച്ചൽകൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു. എന്നാൽ നിങ്ങൾ അത് എന്തുകൊണ്ട് എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൗവനത്തിലെ ഭാര്യക്കും മധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നെ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമപത്നിയുമല്ലോ. ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ; തന്റെ യൗവനത്തിലെ ഭാര്യയോട് ആരും അവിശ്വസ്തത കാണിക്കരുത്. ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിനു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ. നിങ്ങൾ നിങ്ങളുടെ വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവർത്തിക്കുന്ന ഏവനും യഹോവയ്ക്ക് ഇഷ്ടമുള്ളവൻ ആകുന്നു; അങ്ങനെയുള്ളവരിൽ അവൻ പ്രസാദിക്കുന്നു; അല്ലെങ്കിൽ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങനെ നിങ്ങൾ പറയുന്നതിനാൽ തന്നെ.