ലൂക്കൊസ് 9:10-24

ലൂക്കൊസ് 9:10-24 MALOVBSI

അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ട് തങ്ങൾ ചെയ്തതൊക്കെയും അവനോട് അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ട് ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി. അതു പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു. പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തു വന്ന് അവനോട്: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങൾ തന്നെ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്, അഞ്ചപ്പവും രണ്ടു മീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകല ജനത്തിനും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്ന് അവർ പറഞ്ഞു. ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്ത് എല്ലാവരെയും ഇരുത്തി. അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തുകൊണ്ട് സ്വർഗത്തേക്ക് നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിനു വിളമ്പുവാൻ ശിഷ്യന്മാരുടെ കൈയിൽ കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട എടുത്തു. അവൻ തനിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു. യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവ് എന്നും മറ്റു ചിലർ പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്ന് അവർ ഉത്തരം പറഞ്ഞു. അവൻ അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്റെ ക്രിസ്തു എന്ന് പത്രൊസ് ഉത്തരം പറഞ്ഞു. ഇത് ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ടു കല്പിച്ചു. മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംനാൾ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു. പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.