ലൂക്കൊസ് 8:16-21

ലൂക്കൊസ് 8:16-21 MALOVBSI

വിളക്കു കൊളുത്തീട്ട് ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വയ്ക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്. വെളിപ്പെടാതെ ഗൂഢമായത് ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല. ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവനു കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതുംകൂടെ എടുത്തുകളയും. അവന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കൽ വന്നു; പുരുഷാരം നിമിത്തം അവനോട് അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാൺമാൻ ഇച്ഛിച്ചുകൊണ്ട് പുറത്തുനില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു. അവരോട് അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ എന്ന് ഉത്തരം പറഞ്ഞു.