ലൂക്കൊസ് 7:24-35

ലൂക്കൊസ് 7:24-35 MALOVBSI

യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ചു പറഞ്ഞുതുടങ്ങിയത്: നിങ്ങൾ എന്തു കാൺമാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്ത് കാൺമാൻ പോയി? മാർദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ. അല്ല, എന്തു കാൺമാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെത്തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു: “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്ന് എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു. സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.- എന്നാൽ ജനമൊക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു. എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു.- ഈ തലമുറയിലെ മനുഷ്യരെ ഏതിനോട് ഉപമിക്കേണ്ടൂ? അവർ ഏതിനോടു തുല്യം? ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ. യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന് ഭൂതം ഉണ്ട് എന്ന് നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ട് വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു. ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.