ലൂക്കൊസ് 6:6-23

ലൂക്കൊസ് 6:6-23 MALOVBSI

മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിക്കുമ്പോൾ വലംകൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. അവരുടെ വിചാരം അറിഞ്ഞിട്ട് അവൻ വരണ്ടകൈയുള്ള മനുഷ്യനോട്: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ, ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏത് വിഹിതം എന്നു പറഞ്ഞു. അവരെ എല്ലാം ചുറ്റും നോക്കിയിട്ട് ആ മനുഷ്യനോട്: കൈനീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു. അവരോ ഭ്രാന്ത് നിറഞ്ഞവരായി യേശുവിനെ എന്ത് ചെയ്യേണ്ടൂ എന്നു തമ്മിൽ ആലോചന കഴിച്ചു. ആ കാലത്ത് അവൻ പ്രാർഥിക്കേണ്ടതിന് ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു. അവർ ആരെന്നാൽ: പത്രൊസ് എന്ന് അവൻ പേർ വിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫീലിപ്പൊസ്, ബർത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായിത്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർതന്നെ. അവൻ അവരോടുകൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽനിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽനിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹുപുരുഷാരവും ഉണ്ടായിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു. ശക്തി അവനിൽനിന്നു പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരമൊക്കെയും അവനെ തൊടുവാൻ ശ്രമിച്ചു. അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്ക് എന്നു തള്ളുമ്പോൾ, നിങ്ങൾ ഭാഗ്യവാന്മാർ. ആ നാളിൽ സന്തോഷിച്ചുതുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെതന്നെ ചെയ്തുവല്ലോ.