ലൂക്കൊസ് 6:1-11

ലൂക്കൊസ് 6:1-11 MALOVBSI

ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിത്തിന്നു. പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നത് എന്ത് എന്നുപറഞ്ഞു. യേശു അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്ത്? അവൻ ദൈവാലയത്തിൽ ചെന്നു പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ എന്ന് ഉത്തരം പറഞ്ഞു. മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നും അവരോട് പറഞ്ഞു. മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിക്കുമ്പോൾ വലംകൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. അവരുടെ വിചാരം അറിഞ്ഞിട്ട് അവൻ വരണ്ടകൈയുള്ള മനുഷ്യനോട്: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ, ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏത് വിഹിതം എന്നു പറഞ്ഞു. അവരെ എല്ലാം ചുറ്റും നോക്കിയിട്ട് ആ മനുഷ്യനോട്: കൈനീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു. അവരോ ഭ്രാന്ത് നിറഞ്ഞവരായി യേശുവിനെ എന്ത് ചെയ്യേണ്ടൂ എന്നു തമ്മിൽ ആലോചന കഴിച്ചു.