യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവ് അവനെ മരുഭൂമിയിലേക്കു നടത്തി; പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവനു വിശന്നു. അപ്പോൾ പിശാച് അവനോട്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. യേശു അവനോട്: മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. പിന്നെ പിശാച് അവനെ മേലോട്ട് കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവനു കാണിച്ചു: ഈ അധികാരമൊക്കെയും അതിന്റെ മഹത്ത്വവും നിനക്കു തരാം; അത് എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഞാൻ കൊടുക്കുന്നു. നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിൻറേതാകും എന്ന് അവനോട് പറഞ്ഞു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോട്: നീ ദൈവപുത്രൻ എങ്കിൽ ഇവിടെനിന്നു താഴോട്ടു ചാടുക. “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോട് നിന്നെക്കുറിച്ചു കല്പിക്കയും നിന്റെ കാൽ കല്ലിനോട് തട്ടാതവണ്ണം അവർ നിന്നെ കൈയിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്ന് അരുളിച്ചെയ്തിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ പിശാച് സകല പരീക്ഷയും തികച്ചശേഷം കുറെക്കാലത്തേക്ക് അവനെ വിട്ടുമാറി. യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട് : ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
ലൂക്കൊസ് 4 വായിക്കുക
കേൾക്കുക ലൂക്കൊസ് 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 4:1-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ