ലൂക്കൊസ് 23:13-25

ലൂക്കൊസ് 23:13-25 MALOVBSI

പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി. അവരോട്: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു. ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടുതരിക എന്ന് എല്ലാവരുംകൂടെ നിലവിളിച്ചു; [ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു]. അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കൊലയും ഹേതുവായി തടവിലായവൻ ആയിരുന്നു. പീലാത്തൊസ് യേശുവിനെ വിടുവിപ്പാൻ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചുപറഞ്ഞു. അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന് എതിരേ നിലവിളിച്ചു. അവൻ മൂന്നാമതും അവരോട്: അവൻ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു. അവരോ അവനെ ക്രൂശിക്കേണ്ടതിന് ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു; അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു. കലഹവും കൊലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കയും ചെയ്തു.