ലൂക്കൊസ് 20:9-19

ലൂക്കൊസ് 20:9-19 MALOVBSI

അനന്തരം അവൻ ജനത്തോട് ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ട് ഏറിയകാലം പരദേശത്തു പോയി പാർത്തു. സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതേ അയച്ചുകളഞ്ഞു. അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതേ അയച്ചുകളഞ്ഞു. അവൻ മൂന്നാമത് ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടൂ? എന്റെ പ്രിയപുത്രനെ അയയ്ക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു. കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി; അവകാശം നമുക്ക് ആകേണ്ടതിന് നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചുപറഞ്ഞു. അവർ അവനെ തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തു ചെയ്യും? അവൻ വന്ന് ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്ക് ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ട് അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു. അവനോ അവരെ നോക്കി: “എന്നാൽ വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” എന്ന് എഴുതിയിരിക്കുന്നത് എന്ത്? ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ട് ആ നാഴികയിൽതന്നെ അവന്റെമേൽ കൈ വയ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.