ലൂക്കൊസ് 20:27-40

ലൂക്കൊസ് 20:27-40 MALOVBSI

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തുവന്ന് അവനോട് ചോദിച്ചത്: ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ട് മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി. രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. അവ്വണ്ണം ഏഴു പേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവനു ഭാര്യയാകും? എഴുവർക്കും ഭാര്യയായിരുന്നുവല്ലോ. അതിന് യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിനു കൊടുക്കയും ചെയ്യുന്നു. എങ്കിലും ആ ലോകത്തിനും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; അവർക്ക് ഇനി മരിപ്പാനും കഴികയില്ല. അവർ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു. മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന് ജീവിച്ചിരിക്കുന്നുവല്ലോ. അതിനു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞത് ശരി എന്ന് ഉത്തരം പറഞ്ഞു. പിന്നെ അവനോട് ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.