ലൂക്കൊസ് 2:22-35

ലൂക്കൊസ് 2:22-35 MALOVBSI

മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിനു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന് അർപ്പിപ്പാനും ഒരു ഇണകുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി. യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെമേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പേ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു. അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്ന്; യേശു എന്ന പൈതലിനുവേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‍വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ അവൻ അവനെ കൈയിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്ത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്റെ അമ്മയായ മറിയയോട്: അനേക ഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന് ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും മറുത്തുപറയുന്ന അടയാളത്തിനുമായി വച്ചിരിക്കുന്നു. നിന്റെ സ്വന്ത പ്രാണനിൽക്കൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.