ലൂക്കൊസ് 11:14-32

ലൂക്കൊസ് 11:14-32 MALOVBSI

ഒരിക്കൽ അവൻ ഊമയായൊരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു. അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു. വേറേ ചിലർ അവനെ പരീക്ഷിച്ച് ആകാശത്തുനിന്ന് ഒരടയാളം അവനോടു ചോദിച്ചു. അവൻ അവരുടെ വിചാരം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽത്തന്നെ ഛിദ്രിച്ച രാജ്യം എല്ലാം പാഴായിപ്പോകും; വീട് ഓരോന്നും വീഴും. സാത്താനും തന്നോടുതന്നെ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും. എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. അവനിലും ബലവാനായവൻ വന്ന് അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവായുധവർഗം പിടിച്ചുപറിച്ച് അവന്റെ കൊള്ള പകുതി ചെയ്യുന്നു. എനിക്ക് അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ടു, നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ട്: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്ന്, അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവയും അതിൽ കടന്നു പാർത്തിട്ട് ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനെക്കാൾ വല്ലാതെയായി ഭവിക്കും. ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു. പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കയില്ല. യോനാ നീനെവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും. തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനായിലും വലിയവൻ.