ലൂക്കൊസ് 10:21-42

ലൂക്കൊസ് 10:21-42 MALOVBSI

ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ. എന്റെ പിതാവ് സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ഇന്നവനെന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല. പിന്നെ ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ്: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളത്. നിങ്ങൾ കാണുന്നതിനെ കാൺമാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു. അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു. അവൻ അവനോട്: ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്ന് ചോദിച്ചതിന് അവൻ: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടും പൂർണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നുംതന്നെ എന്ന് ഉത്തരം പറഞ്ഞു. അവൻ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു. അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോട്: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന് യേശു ഉത്തരം പറഞ്ഞത്: ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കൈയിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ച് അർധപ്രാണനായി വിട്ടേച്ചുപോയി. ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്ന് അവനെ കണ്ടിട്ടു മാറി കടന്നുപോയി. അങ്ങനെതന്നെ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞ് അരികെ ചെന്ന് എണ്ണയും വീഞ്ഞും പകർന്ന് അവന്റെ മുറിവുകളെ കെട്ടി; അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു. പിറ്റന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്ത് വഴിയമ്പലക്കാരനു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നുകൊള്ളാം എന്ന് അവനോടു പറഞ്ഞു. കള്ളന്മാരുടെ കൈയിൽ അകപ്പെട്ടവന് ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു? അവനോടു കരുണ കാണിച്ചവൻ എന്ന് അവൻ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെതന്നെ ചെയ്ക എന്നു പറഞ്ഞു. പിന്നെ അവർ യാത്ര പോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്ത എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു. അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്ന് അവന്റെ വചനം കേട്ടുകൊണ്ടിരുന്നു. മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ട് അടുക്കെ വന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷയ്ക്ക് എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. കർത്താവ് അവളോട്: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കയുമില്ല.