ലേവ്യാപുസ്തകം 25:35-46

ലേവ്യാപുസ്തകം 25:35-46 MALOVBSI

നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു നിന്റെ അടുക്കൽവച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാർക്കേണം. അവനോടു പലിശയും ലാഭവും വാങ്ങരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കേണം. നിന്റെ പണം പലിശയ്ക്കു കൊടുക്കരുത്; നിന്റെ ആഹാരം അവനു ലാഭത്തിനായി കൊടുക്കയും അരുത്. ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്. കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം. പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്ക് അവൻ മടങ്ങിപ്പോകേണം. അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ട് അവരെ അടിമകളായി വില്ക്കരുത്. അവനോടു കാഠിന്യം പ്രവർത്തിക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം. നിന്റെ അടിയാരും അടിയാട്ടികളും നിങ്ങൾക്കു ചുറ്റുമുള്ള ജാതികളിൽനിന്ന് ആയിരിക്കേണം; അവരിൽനിന്ന് അടിയാരെയും അടിയാട്ടികളെയും കൊള്ളേണം. അവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടെ ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങൾ വാങ്ങേണം; അവർ നിങ്ങൾക്ക് അവകാശമായിരിക്കേണം; നിങ്ങളുടെശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിനു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവർ എന്നും നിങ്ങൾക്ക് അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുത്.