ലേവ്യാപുസ്തകം 15:19-27

ലേവ്യാപുസ്തകം 15:19-27 MALOVBSI

ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയിൽ അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവൾ ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവളുടെ കിടക്കമേലോ അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം. ഒരുത്തൻ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേൽ ആകയും ചെയ്താൽ അവൻ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവൻ കിടക്കുന്ന കിടക്കയൊക്കെയും അശുദ്ധമാകും. ഒരു സ്ത്രീക്ക് ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലമൊക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവൾ അശുദ്ധയായിരിക്കേണം. രക്തസ്രവമുള്ള കാലത്തെല്ലാം അവൾ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവൾ ഇരിക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം. അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.