യോശുവ 8:18-23

യോശുവ 8:18-23 MALOVBSI

അപ്പോൾ യഹോവ യോശുവയോട്: നിന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തുക; ഞാൻ അതു നിന്റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തി. അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അതു പിടിച്ച് ക്ഷണത്തിൽ പട്ടണത്തിനു തീവച്ചു. ഹായിപട്ടണക്കാർ പുറകോട്ടു നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതു കണ്ടു; അവർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരേ തിരിഞ്ഞു. പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലാ യിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി. മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരേ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു. ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.