യോശുവ 6:17-25

യോശുവ 6:17-25 MALOVBSI

ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്കു ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ. എന്നാൽ നിങ്ങൾ ശപഥം ചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിനു ശാപവും അനർഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം. അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരേ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു. പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു. എന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടിൽചെന്ന് അവിടെനിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോടു സത്യം ചെയ്തതുപോലെ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അങ്ങനെ ഒറ്റുകാരായിരുന്ന യൗവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടുവന്നു; അവളുടെ എല്ലാ ചാർച്ചക്കാരെയും പുറത്തു കൊണ്ടുവന്ന് യിസ്രായേൽപാളയത്തിനു പുറത്തു പാർപ്പിച്ചു. പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു. യെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.