യോശുവ 22:1-9

യോശുവ 22:1-9 MALOVBSI

അക്കാലത്തു യോശുവ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു. അവരോടു പറഞ്ഞതു: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചതൊക്കെയും നിങ്ങൾ പ്രമാണിക്കയും ഞാൻ നിങ്ങളോടു കല്പിച്ച സകലത്തിലും എന്റെ വാക്ക് അനുസരിക്കയും ചെയ്തിരിക്കുന്നു. നിങ്ങൾ ഈ കാലമൊക്കെയും നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ വിട്ടുപിരിയാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു. ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്കു താൻ വാഗ്ദത്തം ചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാൽ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ വീടുകളിലേക്കും യഹോവയുടെ ദാസനായ മോശെ യോർദ്ദാനക്കരെ നിങ്ങൾക്കു തന്നിട്ടുള്ള നിങ്ങളുടെ അവകാശദേശത്തേക്കും മടങ്ങിപ്പൊയ്ക്കൊൾവിൻ. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാ വഴികളിലും നടന്ന് അവന്റെ കല്പനകൾ പ്രമാണിക്കയും അവനോടു പറ്റിച്ചേർന്നു പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്നു യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചിട്ടുള്ള കല്പനയും ന്യായപ്രമാണവും ആചരിപ്പാൻ ഏറ്റവും ജാഗ്രതയായിരിപ്പിൻ. ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവർ തങ്ങളുടെ വീടുകളിലേക്കു പോകയും ചെയ്തു. മനശ്ശെയുടെ പാതിഗോത്രത്തിനു മോശെ ബാശാനിൽ അവകാശം കൊടുത്തിരുന്നു; മറ്റേ പാതിഗോത്രത്തിന് യോർദ്ദാനിക്കരെ പടിഞ്ഞാറ് അവരുടെ സഹോദരന്മാരുടെ ഇടയിൽ യോശുവ കൊടുത്തു; അവരെ അവരുടെ വീടുകളിലേക്ക് അയച്ചപ്പോൾ യോശുവ അവരെ അനുഗ്രഹിച്ച് അവരോടു പറഞ്ഞത്: വളരെ നാല്ക്കാലികൾ, വെള്ളി, പൊന്ന്, ചെമ്പ്, ഇരുമ്പ്, വളരെ വസ്ത്രം എന്നിങ്ങനെ അനവധിസമ്പത്തോടുംകൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കൽനിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊൾകയും ചെയ്‍വിൻ. അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ കൈവശമാക്കിയിരുന്ന അവകാശദേശമായ ഗിലെയാദുദേശത്തേക്കു മടങ്ങിപ്പോകേണ്ടതിന് കനാൻദേശത്തിലെ ശീലോവിൽനിന്ന് യിസ്രായേൽമക്കളെ വിട്ടു പുറപ്പെട്ടു.