അനന്തരം യിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിർത്തി; ദേശം അവർക്കു കീഴടങ്ങിയിരുന്നു. എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു. യോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാൻ പോകുന്നതിന് നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും? ഓരോ ഗോത്രത്തിനും മുമ്മൂന്നുപേരെ നിയമിപ്പിൻ; ഞാൻ അവരെ അയയ്ക്കും; അവർ പുറപ്പെട്ട് ദേശത്തുകൂടി സഞ്ചരിച്ച് തങ്ങൾക്ക് അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കൽ മടങ്ങിവരേണം. അത് ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്റെ അതിർക്കകത്ത് തെക്ക് പാർത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിർക്കകത്ത് വടക്ക് പാർത്തുകൊള്ളട്ടെ. അങ്ങനെ നിങ്ങൾ ദേശം ഏഴു ഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടും. ലേവ്യർക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ലല്ലോ; യഹോവയുടെ പൗരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവർക്കു കൊടുത്തിട്ടുള്ള അവകാശം യോർദ്ദാനു കിഴക്കു വാങ്ങിയിരിക്കുന്നു. അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോട് യോശുവ: നിങ്ങൾ ചെന്ന് ദേശത്തുകൂടി സഞ്ചരിച്ച് കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്‍വിൻ എന്നു പറഞ്ഞു. അവർ പോയി ദേശത്തുകൂടി കടന്ന് നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു. അപ്പോൾ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് അവർക്കുവേണ്ടി ചീട്ടിട്ടു; അവിടെവച്ച് യോശുവ യിസ്രായേൽമക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.
യോശുവ 18 വായിക്കുക
കേൾക്കുക യോശുവ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 18:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ