യോനാ 3:5-10

യോനാ 3:5-10 MALOVBSI

എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ച് ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു. വർത്തമാനം നീനെവേ രാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജവസ്ത്രം നീക്കിവച്ചു രട്ടു പുതച്ച് വെണ്ണീറിൽ ഇരുന്നു. അവൻ നീനെവേയിൽ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയത് എന്തെന്നാൽ: രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിത്: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുത്; മേയ്കയും വെള്ളം കുടിക്കയും അരുത്. മനുഷ്യനും മൃഗവും രട്ടു പുതച്ച് ഉച്ചത്തിൽ ദൈവത്തോടു വിളിച്ച് അപേക്ഷിക്കേണം; ഓരോരുത്തൻ താന്താന്റെ ദുർമാർഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം. ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന് അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം. അവർ ദുർമാർഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്ന് അരുളിച്ചെയ്തിരുന്ന അനർഥത്തെക്കുറിച്ചു ദൈവം അനുതപിച്ച് അതു വരുത്തിയതുമില്ല.