അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു. അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു. ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു. അവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു. അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളൂ. അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കൈയിൽനിന്നു രക്ഷപെടുമായിരുന്നു. ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല. വടക്ക് അവൻ പ്രവർത്തിക്കയിൽ നോക്കിയിട്ട് അവനെ കാണുന്നില്ല; തെക്കോട്ട് അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും. എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും. എന്റെ കാലടി അവന്റെ ചുവടു തുടർന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു. ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറിയിട്ടില്ല; അവന്റെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു. അവനോ അനന്യൻ; അവനെ തടുക്കുന്നത് ആർ? തിരുവുള്ളത്തിന്റെ താൽപര്യം അവൻ അനുഷ്ഠിക്കും. എനിക്കു നിയമിച്ചിരിക്കുന്നത് അവൻ നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ട്. അതുകൊണ്ട് ഞാൻ അവന്റെ സാന്നിധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓർത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു. ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സർവശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു. ഞാൻ പരവശനായിരിക്കുന്നത് അന്ധകാരം നിമിത്തമല്ല, കൂരിരുട്ട് എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.
ഇയ്യോബ് 23 വായിക്കുക
കേൾക്കുക ഇയ്യോബ് 23
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഇയ്യോബ് 23:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ