ഇയ്യോബ് 1:1-12

ഇയ്യോബ് 1:1-12 MALOVBSI

ഊസ്ദേശത്ത് ഇയ്യോബ് എന്നു പേരുള്ളൊരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. അവന് ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറ് ഏർ കാളയും അഞ്ഞൂറു പെൺകഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകല പൂർവദിഗ്വാസികളിലും മഹാനായിരുന്നു. അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു. എന്നാൽ വിരുന്നു നാളുകൾ വട്ടം തികയുമ്പോൾ ഇയ്യോബ് പക്ഷേ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റ് അവരുടെ സംഖ്യക്ക് ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു. ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു. യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ട് വരുന്നു എന്ന് ഉത്തരം പറഞ്ഞു. യഹോവ സാത്താനോട്: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്‍ടി വച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്ന് അരുളിച്ചെയ്തു. അതിനു സാത്താൻ യഹോവയോട്: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്? നീ അവനും അവന്റെ വീട്ടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടിയിട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്ന് ഉത്തരം പറഞ്ഞു. ദൈവം സാത്താനോട്: ഇതാ, അവനുള്ളതൊക്കെയും നിന്റെ കൈയിൽ ഇരിക്കുന്നു; അവന്റെമേൽ മാത്രം കൈയേറ്റം ചെയ്യരുത് എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.