യോഹന്നാൻ 7:40-53

യോഹന്നാൻ 7:40-53 MALOVBSI

പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ട്: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു. വേറേ ചിലർ: ഇവൻ ക്രിസ്തുതന്നെ എന്നും മറ്റു ചിലർ: ഗലീലയിൽനിന്നോ ക്രിസ്തു വരുന്നത്? ദാവീദിന്റെ സന്തതിയിൽനിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്‍ലഹേമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു. അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി. അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെമേൽ കൈവച്ചില്ല. ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോട്: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്ത് എന്ന് ചോദിച്ചതിന്: ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്ന് ചേവകർ ഉത്തരം പറഞ്ഞു. പരീശന്മാർ അവരോട്: നിങ്ങളും തെറ്റിപ്പോയോ? പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ? ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്ന് ഉത്തരം പറഞ്ഞു. അവരിൽ ഒരുത്തനായി, മുമ്പേ അവന്റെ അടുക്കൽ വന്നിരുന്ന നിക്കോദേമൊസ് അവരോട്: ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ട്, അവൻ ചെയ്യുന്നത് ഇന്നത് എന്ന് അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു. അവർ അവനോട്: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽനിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. [അങ്ങനെ ഓരോരുത്തൻ താന്താന്റെ വീട്ടിൽ പോയി.