യോഹന്നാൻ 4:3-10

യോഹന്നാൻ 4:3-10 MALOVBSI

അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലയ്ക്കു യാത്രയായി. അവൻ ശമര്യയിൽക്കൂടി കടന്നുപോകേണ്ടിവന്നു. അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിനു കൊടുത്ത നിലത്തിനരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ട് ഉറവിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണി നേരം ആയിരുന്നു. ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു. അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിപ്പാൻ ചോദിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യക്കാർക്കും തമ്മിൽ സമ്പർക്കമില്ല- അതിനു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു.