യോഹന്നാൻ 19:12-30

യോഹന്നാൻ 19:12-30 MALOVBSI

ഇതുനിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു; യെഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്ന് ആർത്തുപറഞ്ഞു. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു. അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണി നേരം ആയിരുന്നു. അവൻ യെഹൂദന്മാരോട് ഇതാ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു. അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്ന് നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്ന് പീലാത്തൊസ് അവരോട് ചോദിച്ചു; അതിനു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അവർ യേശുവിനെ കൈയേറ്റു; അവൻ താൻ തന്നെ ക്രൂശിനെ ചുമന്നുകൊണ്ട് എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ട് ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവ് എന്ന് എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതിയിരുന്നു. ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോട്: യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവ് എന്ന് അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടത് എന്നു പറഞ്ഞു. അതിന് പീലാത്തൊസ്: ഞാൻ എഴുതിയത് എഴുതി എന്ന് ഉത്തരം പറഞ്ഞു. പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്ത് ഓരോ പടയാളിക്ക് ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇത് കീറരുത്; ആർക്കു വരും എന്ന് ചീട്ടിടുക എന്ന് അവർ തമ്മിൽ പറഞ്ഞു. എന്റെ വസ്ത്രം അവർ പകുത്തെടുത്ത് എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെയൊക്കെയും ചെയ്തു. യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നത് കണ്ടിട്ട്: സ്ത്രീയേ, ഇതാ, നിന്റെ മകൻ എന്ന് അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട്: ഇതാ, നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു. അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞൊരു പാത്രം വച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞു നിറച്ച് ഈസോപ്പു തണ്ടിന്മേൽ ആക്കി അവന്റെ വായോട് അടുപ്പിച്ചു. യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.

യോഹന്നാൻ 19:12-30 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഉയിർത്തെഴുന്നേൽപ്പ് തിരുനാൾ കഥ: യേശുവിൻ്റെ മരണ പുനരുത്ഥാനത്തെക്കുറിച്ച് കാണുന്നു യോഹന്നാൻ 19:12-30 സത്യവേദപുസ്തകം OV Bible (BSI)

ഉയിർത്തെഴുന്നേൽപ്പ് തിരുനാൾ കഥ: യേശുവിൻ്റെ മരണ പുനരുത്ഥാനത്തെക്കുറിച്ച് കാണുന്നു

16 ദിവസം

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തെയും, ഉയിർത്തെഴുനേൽപ്പിനെയും കുറിച് നാല് സുവിശേഷങ്ങളിലും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഈ ഈസ്റ്റെർ സമയം, ക്രിസ്തു തന്റെ ഉയിർത്തെഴുനേൽപ്പിലൂടെ ലോകത്തിന് മുഴുവനും നൽകിയ ആ വലിയ പ്രത്യയാശക്ക് മുമ്പ് എങ്ങനെയാണ് യേശു കുരിശിൽ തനിക്ക് എതിരിട്ട ചതിയെയും,പീഡനങ്ങളെയും, മാനഹാനിയെയും, കഷ്ടതകളെയും എല്ലാം തരണം ചെയ്ത് സഹിച്ചത് എന്നും വായിക്കുന്നതിനോടൊപ്പം അതുമായി ബന്ധപ്പെട്ട വീഡിയോ ഭാഗങ്ങൾ ദിനതോറും ഈ പദ്ധതിയിൽ ചിത്രീകരിച്ചു വ്യാഖ്യാനിക്കുന്നു.