ഒന്നാമത് ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു. കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് നന്ന് എന്ന് യെഹൂദന്മാരോട് ആലോചന പറഞ്ഞവൻതന്നെ. ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന് പരിചയമുളളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പത്രൊസ് വാതിൽക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന് പരിചയമുള്ള മറ്റേ ശിഷ്യൻ പുറത്തുവന്നു വാതിൽക്കാവല്ക്കാരത്തിയോട് പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി. വാതിൽകാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോട്: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്ന് അവൻ പറഞ്ഞു. അന്ന് കുളിർ ആകകൊണ്ട് ദാസന്മാരും ചേവകരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീകാഞ്ഞുകൊണ്ടു നിന്നു. മഹാപുരോഹിതൻ യേശുവിനോട് അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. അതിന് യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നത് എന്ത്? ഞാൻ സംസാരിച്ചത് എന്തെന്ന് കേട്ടവരോട് ചോദിക്ക; ഞാൻ പറഞ്ഞത് അവർ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്റെ കന്നത്ത് ഒന്നടിച്ചു. യേശു അവനോട്: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നത് എന്ത് എന്നു പറഞ്ഞു. ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.
യോഹന്നാൻ 18 വായിക്കുക
കേൾക്കുക യോഹന്നാൻ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 18:13-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ