യോഹന്നാൻ 13:12-30

യോഹന്നാൻ 13:12-30 MALOVBSI

അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ച് വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്കു ചെയ്തത് ഇന്നത് എന്ന് അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ. നിങ്ങളെ എല്ലാവരെയുംകുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരേ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിനു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോൾ ഞാൻ തന്നെ മശീഹാ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനു ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പേ നിങ്ങളോടു പറയുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. ഇത് ആരെക്കുറിച്ചു പറയുന്നു എന്ന് ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി. ശിഷ്യന്മാരിൽ വച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കൊണ്ട് എന്ന് ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു. ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദായ്ക്കു കൊടുത്തു. ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു. യേശു അവനോട്: നീ ചെയ്യുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഇത് ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല. പണസ്സഞ്ചി യൂദായുടെ പക്കൽ ആകയാൽ പെരുന്നാളിൽ വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്ക് വല്ലതും കൊടുപ്പാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി. ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റ് പോയി, അപ്പോൾ രാത്രി ആയിരുന്നു.

യോഹന്നാൻ 13:12-30 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഉയിർത്തെഴുന്നേൽപ്പ് തിരുനാൾ കഥ: യേശുവിൻ്റെ മരണ പുനരുത്ഥാനത്തെക്കുറിച്ച് കാണുന്നു യോഹന്നാൻ 13:12-30 സത്യവേദപുസ്തകം OV Bible (BSI)

ഉയിർത്തെഴുന്നേൽപ്പ് തിരുനാൾ കഥ: യേശുവിൻ്റെ മരണ പുനരുത്ഥാനത്തെക്കുറിച്ച് കാണുന്നു

16 ദിവസം

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തെയും, ഉയിർത്തെഴുനേൽപ്പിനെയും കുറിച് നാല് സുവിശേഷങ്ങളിലും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഈ ഈസ്റ്റെർ സമയം, ക്രിസ്തു തന്റെ ഉയിർത്തെഴുനേൽപ്പിലൂടെ ലോകത്തിന് മുഴുവനും നൽകിയ ആ വലിയ പ്രത്യയാശക്ക് മുമ്പ് എങ്ങനെയാണ് യേശു കുരിശിൽ തനിക്ക് എതിരിട്ട ചതിയെയും,പീഡനങ്ങളെയും, മാനഹാനിയെയും, കഷ്ടതകളെയും എല്ലാം തരണം ചെയ്ത് സഹിച്ചത് എന്നും വായിക്കുന്നതിനോടൊപ്പം അതുമായി ബന്ധപ്പെട്ട വീഡിയോ ഭാഗങ്ങൾ ദിനതോറും ഈ പദ്ധതിയിൽ ചിത്രീകരിച്ചു വ്യാഖ്യാനിക്കുന്നു.