യോഹന്നാൻ 12:9-19

യോഹന്നാൻ 12:9-19 MALOVBSI

അവൻ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറെ കാൺമാനായിട്ടുംകൂടെ വന്നു. അവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്ന് യേശുവിൽ വിശ്വസിക്കയാൽ ലാസറെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു. പിറ്റേന്നു പെരുന്നാൾക്കു വന്നൊരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ട് ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ട് അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്തു. യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ട് അതിന്മേൽ കയറി. “സീയോൻപുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. ഇത് അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിനു തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവനെ ഇങ്ങനെ ചെയ്തു എന്നും അവർക്ക് ഓർമ വന്നു. അവൻ ലാസറെ കല്ലറയിൽനിന്നു വിളിച്ചു മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു. അവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ട് അവനെ എതിരേറ്റുചെന്നു. ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്ക് ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.