ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടൂ? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു. പിതാവേ, നിന്റെ നാമത്തെ മഹത്ത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗത്തിൽനിന്നു; ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി. അതു കേട്ടിട്ട് അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു എന്നു പറഞ്ഞു. അതിന് യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല; നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്. ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. ഞാനോ ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്ന് ഉത്തരം പറഞ്ഞു. ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ. പുരുഷാരം അവനോട്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു. അതിനു യേശു അവരോട്: ഇനി കുറെക്കാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്ന് അറിയുന്നില്ലല്ലോ. നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്; വെളിച്ചം ഉള്ളേടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവ് വേറേ ഒരേടത്തു പറയുന്നത്: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനംതിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” യെശയ്യാവ് അവന്റെ തേജസ്സു കണ്ട് അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞത്. എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു. യേശു വിളിച്ചുപറഞ്ഞത്: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽതന്നെ വിശ്വസിക്കുന്നു. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നത്. എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനംതന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവുതന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. അവന്റെ കല്പന നിത്യജീവൻ എന്ന് ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംസാരിക്കുന്നു.
യോഹന്നാൻ 12 വായിക്കുക
കേൾക്കുക യോഹന്നാൻ 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 12:27-50
7 ദിവസങ്ങളിൽ
ഞങ്ങളുടെ "ക്രിസ്മസ് ഹൃദയത്തിലാണ്" ഡിജിറ്റൽ കാമ്പെയ്നിലൂടെ ക്രിസ്മസിൻ്റെ യഥാർത്ഥ അർത്ഥം അനുഭവിച്ചറിയുക! നിങ്ങളുടെ സുഹൃത്തുക്കളുമായോ, സഭാ അംഗങ്ങളുമായോ ഒരുമിച്ച് ലുമോ ക്രിസ്മസ് ഫിലിംസ് കാണുവാനും ഒരുമിച്ച് ചർച്ച ചെയ്യാനും, അതുവഴി ആത്മീക അഭിവൃദ്ധി പ്രാപിക്കുവാനും ഈ പ്രത്യേക പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. നിരവധി ഭാഷകളിൽ ലഭ്യമായ ഈ പ്രോഗ്രാം, ക്രിസ്മസിന്റെ സന്തോഷകരമായ അനുഭവം മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങളെ സഹായിക്കുന്നു.
14 ദിവസങ്ങളിൽ
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ